Kerala
കോട്ടയം: അയ്മനത്ത് ഒരു കാൽ മുറിച്ചുമാറ്റിയ വികലാംഗനായ വയോധികനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അയ്മനം പഞ്ചായത്ത് ഓഫീസിന് മുൻവശത്താണ് റോഡരികിൽ വയോധികനെ അവശ നിലയിൽ കിടന്നിരുന്നത്. തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
ഏകദേശം 75 വയസ് പ്രായം തോന്നിക്കുന്ന വയോധികന്റെ സമീപത്തായി രണ്ട് ഊന്ന് വടികളും ഉണ്ടായിരുന്നു. പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് ആംബുലൻസിൽ വയോധികനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പൊതുപ്രവർത്തകരായ ടി.ഡി. പ്രസന്നൻ, പ്രദീപ്, രാജേഷ് എന്നിവർ മുൻകൈയെടുത്താണ് വയോധികനെ ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയിരുന്നു. വയോധികനെ തിരിച്ചറിയുന്ന രേഖകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: നെടുമങ്ങാട്ട് കൗമാരക്കാരനെ പീഡിപ്പിച്ച കേസിൽ വയോധികനെ അറസ്റ്റ് ചെയ്തു. 13 വയസുകാരനെ പീഡിപ്പിച്ച പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസിൽ ഷിയാദ് മൊയ്തീൻ (60) ആണ് അറസ്റ്റിലായത്.
നെടുമങ്ങാട് പത്താംകല്ല് ഗ്രൗണ്ടിൽ പതിവായി സൈക്കിൾ ചവിട്ടാൻ പോകുന്ന വിദ്യാർഥിയെ നിരീക്ഷിച്ച ഇയാൾ കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു പീഡനം. പരിചയപ്പെട്ട ശേഷം പ്രതി 13 കാരനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവം പുറത്ത് പറയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തി. സൈക്കിൾ ചവിട്ടാനെത്തുന്ന ദിവസങ്ങളിൽ ഇത് തുടർന്നു. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ കിടക്കുന്നത് കണ്ടു സംശയം തോന്നിയ നാട്ടുകാർ വിവരം അറിയിച്ചതിന് തുടർന്ന് പോലീസ് സ്ഥലത്തെത്തി ഷിയാദിനെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് ഇയാൾ കാര്യങ്ങൾ പോലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
പാലക്കാട്: വടക്കഞ്ചേരിയിൽ റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് വയോധികൻ മരിച്ചു. കിഴക്കഞ്ചേരി മമ്പാട് നാരായണൻ (61) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. മംഗലത്തെ വർക്ക്ഷോപ്പിൽ രാത്രി സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മരിച്ച നാരായണൻ. ജോലിക്കായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഇയാളെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. തമിഴ്നാട് സ്വദേശി ഓടിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശിയെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി വയോധികന് ദാരുണാന്ത്യം. പുല്‍പ്പള്ളി വണ്ടിക്കടവ് ദേവര്ഗദ കാട്ടുനായ്ക്ക ഉന്നതിയിലെ കൂമന് എന്ന മാരൻ (60) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. സഹോദരിയോടൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ മാരനെ കടുവ ആക്രമിക്കുകയായിരുന്നു. മാരനെ കടുവ ഉൾ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികൾ പറയുന്നു. സഹോദരി ഓടി രക്ഷപ്പെടുകയായിരുന്നു
മാരന്റെ മൃതദേഹം വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് വന്‍ പ്രതിഷേധം നടക്കുകയാണ്. മൃതദേഹം സ്ഥലത്തുനിന്ന് നീക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ജനവാസ മേഖലയിൽ കടുവ സ്ഥിരം സാന്നിധ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് മതിയായ ജാഗ്രത സ്വീകരിച്ചില്ലെന്നും കുറച്ചുദിവസം മുൻപ് പ്രദേശത്ത് കടുവ പോത്തിനെ ആക്രമിച്ചിരുന്നു എന്നും നാട്ടുകാർ പറയുന്നു.
District News
മേലാറ്റൂർ: ഗൃഹനാഥൻ ഉപയോഗശൂന്യമായ കിണറ്റിൽവീണു മരിച്ച നിലയിൽ. മേലാറ്റൂർ പുല്ലിക്കുത്തെ അക്കരാത്ത് മുരളീധര (52)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്നു നടത്തിയ തെരച്ചിലാണ് വയലോരത്തെ പൊട്ടകിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തി.
സംസ്കാരം ഇന്നുരാവിലെ 11ന് തിരുവില്വാമല ഐവർമഠത്തിൽ. ഭാര്യ: ബിന്ദു. മക്കൾ: അമൽ (ഷാർജ), അരുണ്‍ (ദുബായ്), കാർത്തിക്.
National
മുംബൈ: 1993ലെ മുംബൈ കലാപ കേസിലെ കുറ്റാരോപിതനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി 53കാരനെ കേസിൽ നിന്നും ഒഴിവാക്കിയത്.
1992 ഡിസംബർ ആറിന് അയോധ്യയിൽ ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയതിനു പിന്നാലെയാണ് മുംബൈയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.
സംഭവം കഴിഞ്ഞ് 33 വർഷങ്ങൾക്ക് ശേഷമാണ് ആസിഫ് അലി ഷെയ്ഖ് എന്നയാളെ കൊലപാതകശ്രമം, കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കിയതായി അഡീഷണൽ സെഷൻസ് ജഡ്ജി എം.ബി. ഓസ അറിയിച്ചത്.
നിയമവിരുദ്ധമായ സംഘം ചേരലിലോ കലാപത്തിലോ ഷെയ്ഖിന്റെ സജീവ പങ്കാളിത്തം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു.
പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, 1993 ജനുവരി 12ന് നഗരത്തിലെ വഡാല (കിഴക്ക്) പ്രദേശത്ത് രണ്ട് സമുദായങ്ങളിൽ നിന്നുള്ള 300 മുതൽ 400 വരെ ആളുകൾ ഏറ്റുമുട്ടി. സമീപത്തെ വീടുകൾക്കും ഫാക്ടറികൾക്കും നേരെ കല്ലുകൾ, സോഡ കുപ്പികൾ, തീ പന്തങ്ങൾ, ട്യൂബ് ലൈറ്റുകൾ എന്നിവ എറിഞ്ഞു.
ലാത്തി ചാർജ് ഉപയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ച പോലീസ് ഒടുവിൽ ആകാശത്തേക്ക് വെടിവച്ചു. കല്ലേറിൽ നാല് പേർക്ക് പരിക്കേറ്റതായി പ്രോസിക്യൂഷൻ പറഞ്ഞു.
2003 നും 2023നും ഇടയിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 14 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 2025 ജൂലൈയിലാണ് ഷെയ്ഖ് അറസ്റ്റിലായത്. ഷെയ്ഖും മറ്റ് പ്രതികളും ചേർന്ന് നിയമവിരുദ്ധമായി സംഘം ചേർന്നു എന്നതിന് നേരിട്ടുള്ളതോ സാഹചര്യപരമായതോ ആയ തെളിവുകളൊന്നുമില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
National
ലക്നോ: ഉത്തർപ്രദേശിലെ കൗഷാംബിയിൽ കാളയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. ജുബ്ര ഗ്രാമത്തിൽ നിന്നുള്ള ചന്ദ്രശേഖർ പാണ്ഡെ (80) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ചന്ദ്രശേഖർ പാണ്ഡെ തന്റെ വീടിന്റ മുന്നിൽ ഇരിക്കുന്ന സമയത്ത് തെരുവിലൂടെ പോയ കാള പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ചന്ദ്രശേഖറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.